ബ്രാഡ്മാന്‍റെ റെക്കോര്‍ഡും തകര്‍ത്ത് ബാഹിര്‍ഷായുടെ കുതിപ്പ്

ഒന്നാംക്ളാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയില്‍ ഡോണ്‍ ബ്രാഡ്മാനെ മറികടന്ന് അഫ്ഗാനിസ്ഥാന്റെ പതിനേഴുകാരന്‍. അണ്ടര്‍ 19 ലോകകപ്പിനായി അഫ്ഗാന്‍ ടീമില്‍ ഇടംപിടിച്ച ബാഹിര്‍ ഷാ മഹ്ബൂബാണ് ഒന്നാം ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറി ഒരുവര്‍ഷത്തിനിടയില്‍ ബ്രാഡ്മാനെക്കാള്‍ മികച്ച ശരാശരി കുറിച്ചത്. 1000 റണ്‍ തികച്ചവരില്‍നിന്നാണ് (1096) ഈ പട്ടിക തയ്യാറാക്കിയത്.

121.77 ആണ് ബാഹിര്‍ ഷായുടെ ശരാശരി. ബ്രാഡ്മാന്റേത് 95.14ഉം. 71.64 ശരാശരിയുമായി മുന്‍ ഇന്ത്യന്‍താരം വിജയ് മര്‍ച്ചന്റാണ് മൂന്നാംപടിയില്‍. വെസ്റ്റിന്‍ഡീസിന്റെ ജോര്‍ജ് ഹെഡ്ലിക്ക് 69.86 റണ്‍ ശരാശരി.

ഏഴു കളിയില്‍ 12 ഇന്നിങ്സില്‍നിന്നാണ് ബാഹിര്‍ ഷാ നേട്ടമുണ്ടാക്കിയത്. കന്നിമത്സരത്തില്‍ സ്പീന്‍ ഘറിനായി അമോ പ്രവിശ്യക്കെതിരെ 256 റണ്ണടിച്ചു. പുറത്താകാതെ നേടിയ 303 റണ്ണടക്കം അടുത്ത നാല് ഇന്നിങ്സില്‍നിന്ന് രണ്ട് സെഞ്ചുറികൂടി നേടി. വേഗത്തില്‍ 1000 റണ്‍ തികച്ചവരുടെ പട്ടികയില്‍ രണ്ടാമതെത്തുകയും ചെയ്തു ബാഹിര്‍ ഷാ.