പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് വില്‍ക്കാന്‍ വിസമ്മതിച്ച ഇന്ത്യാക്കാരനെ ലണ്ടനില്‍ തല്ലിക്കൊന്നു

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സിഗരറ്റ് പേപ്പര്‍ നല്‍കാനാകില്ലെന്ന് പറഞ്ഞ ഇന്ത്യാക്കാരനെ ഒരുപറ്റം യുവാക്കള്‍ റോഡിലിട്ട് തല്ലിക്കൊന്നു. നോര്‍ത്ത് ലണ്ടനിലെ മില്‍ഹില്ലിലെ തന്റെ കടയില്‍വെച്ചാണ് നാല്‍പ്പത്തൊമ്പത്കാരനായ വിജയ് പട്ടേലിനെ ഇവര്‍ തല്ലിച്ചതച്ചത്.

പട്ടേലിന്റെ കടയിലെത്തിയ കുട്ടികള്‍ അവിടത്തെ ജീവനക്കാരനോട് സിഗരറ്റ് പേപ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലണ്ടനിലെ നിയമ പ്രകാരം പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ മദ്യവും പുകയില ഉല്‍പ്പനങ്ങളും വില്‍ക്കാന്‍ അനുമതിയുള്ളു. ഇതനുസരിച്ച് കുട്ടികളുടെ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരനെ ഇവര്‍ പിടിച്ചു തള്ളി.

തന്റെ കടയിലെ ജീവനക്കാരനെ രക്ഷിക്കാനെത്തിയതായിരുന്നു വിജയ്.  കുട്ടികള്‍ ഇയാളെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡിലുപേക്ഷിച്ച് കടന്നു കളഞ്ഞു. ഗുരുതര പരിക്കുകളോടെ റോഡില്‍ കിടന്ന പട്ടേലിനെ പൊലിസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.