ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ 17 കാരി; ജെമിയാഹിന് മുന്നില്‍ ചരിത്രം തലകുനിക്കുമോ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമിയാഹ് റോഡിഗ്രസ് ഇന്ന് സ്വപ്‌നസാഫല്യത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് പതിനേഴുകാരി.

ചാലഞ്ചര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് റോഡിഗ്രസിനെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലാണ് മുംബൈ താരം ജെമിയാഹ് റോഡിഗ്രസ് ഇടം പിടിച്ചത്. മിതാലി രാജ് നയിക്കുന്ന ടീമില്‍ വനിതാ ലോകകപ്പില്‍ കളിച്ച മിക്ക താരങ്ങളെയും ഇടം കണ്ടെത്തിയപ്പോള്‍ പേസ് ബൗളര്‍ മാന്‍സി ജോഷിയും വിക്കറ്റ് കീപ്പര്‍ നുസ്ഹത്ത് പ്രവീണും പുറത്തായി.

മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യുമടങ്ങിയ പരമ്പര ഫെബ്രുവരി രണ്ടിനാണ് ആരംഭിക്കുന്നത്. പരമ്പരയില്‍ ഒരു ഡബിള്‍ സെഞ്ച്വറി അടിക്കാന്‍ സാധിക്കണമെന്നതാണ് ആഗ്രഹമെന്ന് റോഡിഗ്രസ് പ്രതികരിച്ചു.