കല്‍ബുര്‍ഗിയുടെ കൊലപാതകം; അന്വേഷണത്തില്‍ കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി

ന്യൂഡെല്‍ഹി: കല്‍ബുര്‍ഗിയുടെ കൊലപാതക അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച്ച കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം ആരാഞ്ഞു.

ഉമാദേവി കല്‍ബുര്‍ഗിയുടെ ഹര്‍ജ്ജിയിന്മേല്‍ എന്‍ഐഎയോടും സിബിഐയോടും കോടതി അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഒരു അന്വേഷണ ഏജന്‍സിപോലും 2015ല്‍ നടന്ന തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ഗൗരവകരമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഉമാദേവി ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതകവുമായി തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തിന് സാമ്യമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

കര്‍ണ്ണാടക സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സ്ലറും പുരോഗമന ചിന്തകനുമായിരുന്ന എം.എം കല്‍ബുര്‍ഗി ഹൈന്ദവ ദുരാചാരങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഹൈന്ദവ വിചാരങ്ങളെ വൃണപ്പെടുത്തുന്നെന്നാരോപിച്ച് പലപ്പോഴും കല്‍ബുര്‍ഗിക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 2015 ആഗസ്റ്റ് 30ന് കര്‍ണ്ണാടകയിലെ തന്റെ വസതിയില്‍ വെച്ച് അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു.