സച്ചിന്‍റെ മകന് ദ്രാവിഡിന്‍റെ മകന്‍ ഭീഷണി; തകര്‍പ്പന്‍ സെഞ്ചുറിയുമായി രണ്ടാം വന്‍മതില്‍

വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്‍റെ വഴിയേ സഞ്ചരിക്കുന്ന മകന്‍ സമിത് ദ്രാവിഡിന്‍റെ മികവില്‍ സ്കൂളിന് അണ്ടര്‍ 14 കപ്പ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ അണ്ടര്‍-14 ബി.ടി.ആര്‍ കപ്പ് ടൂര്‍ണമെന്‍റിലാണ് സെഞ്ച്വറിയുമായി സമിത്തും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ ജോഷിയും തിളങ്ങിയത്.

ഇരുവരുടെയും സെഞ്ച്വറി മികവില്‍ മല്ല്യ അതിഥി ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ 412 റണ്‍സിന് വിവേകാനന്ദ സ്‌കൂളിനെ തോല്‍പ്പിച്ചു.

150 റണ്‍സ് നേടി സമിത് പുറത്താകാതെ നിന്നെങ്കിലും മത്സരത്തിലെ ടോപ്പ് സ്‌കോറര്‍ സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ ജോഷിയായിരുന്നു. 154 റണ്‍സടിച്ച ആര്യന്‍റെയും സമിതിന്‍റെയും മികവില്‍ മല്ല്യ അതിഥി സ്‌കൂള്‍ അഞ്ച് വിക്കറ്റിന് 500 റണ്‍സാണ് അടിച്ചെടുത്തത്.

വിവേകാനന്ദ സ്‌കൂളാകട്ടെ 88 റണ്‍സിന് എല്ലാവരും പുറത്തായി. അച്ഛനുള്ള പിറന്നാള്‍ സമ്മാനമാണ് ഈ സെഞ്ച്വറിയും വിജയവുമെന്ന് സമിത് പ്രതികരിച്ചു. വ്യാഴാഴ്ച്ചയാണ് ദ്രാവിഡിന്‍റെ നാല്‍പ്പത്തിനാലാം പിറന്നാള്‍.

മുന്‍പും ദ്രാവിഡിന്‍റെ മകന്‍ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ യുണൈറ്റഡ് ക്ലബ്ബിനായി ഫ്രാങ്ക് അന്തോണി പബ്ലിക് സ്‌കൂളിനെതിരെ ടൈഗര്‍കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സമിത് 125 റണ്‍സ് നേടിയിരുന്നു. 12 ബൗണ്ടറികളടങ്ങുന്നതായിരുന്നു സമിതിന്‍റെ അന്നത്തെ സെഞ്ച്വറി.

2015ല്‍ അണ്ടര്‍-12 ഗോപാലന്‍ക്രിക്കറ്റ് ചലഞ്ചില്‍ മല്ല്യ അതിഥി സ്‌കൂളിനായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ സമിതിനെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തിരുന്നു.