മ‍ഴ കാണാന്‍ പുറത്തിറങ്ങിയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം മ‍ഴക്കു‍ഴിയില്‍; കാല്‍വ‍ഴുതി വീണതോ, കൊലപാതകമോയെന്നറിയാന്‍ അന്വേഷണം

കഴിഞ്ഞ വര്‍ഷം ഏവരേയും കണ്ണീരിലാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ടായിരുന്നു. പുതിയ വര്‍ഷത്തിലെ ദയനീയ ചിത്രമാകുകയാണ് മാലിന്യകുഴിയില്‍ വീണ് മരിച്ച അഞ്ചുവയസ്സുകാരി.

അജ്മീറിലെ ബന്ധു വീട്ടിലെ മാലിന്യക്കുഴിയില്‍ വീണാണ് അഞ്ചുവയസുകാരി അമല്‍ ബഷീര്‍ യൂസുഫ് ലോകത്തോട് വിടപറഞ്ഞത്. തകര്‍ത്തുപെയ്ത മഴ കാണാനായി പുറത്തിറങ്ങിയപ്പോയാണ് അമല്‍ ദുരന്തത്തിനിരയായത്.

മഴവെള്ളം നീക്കാന്‍ തുറന്നുവച്ചിരുന്ന കുഴിയിലാണ് കുട്ടി വീണത്. ഇതറിയാതെ വീട്ടുകാര്‍ കുഴിയുടെ മൂടി അടച്ചു. കുട്ടിയെ കാണാനില്ലെന്ന തിരിച്ചറിഞ്ഞതോടെ വലിയ തോതിലുള്ള അന്വേഷണം നടന്നു. അഞ്ചു മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മാലിന്യ കുഴിയില്‍ നിന്നും അമലിന്റെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവീട്ടിലെ മുറ്റത്തെ മാലിന്യകുഴിയില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. മഴമൂലം മുറ്റത്ത് കെട്ടി നില്‍ക്കുന്ന വെളളം നീക്കാനാണ് കുഴിയുടെ മുകള്‍ഭാഗം വീട്ടുകാര്‍ തുറന്നുവച്ചത്. മഴ നിലച്ചപ്പോള്‍ കുഴി അടയ്ക്കുകയും ചെയ്തു.

മഴ കാണാന്‍ പുറത്തിറങ്ങിയ അമല്‍ കാല്‍ വഴുതി കുഴിയില്‍ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം മറ്റ് സാധ്യതകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമലിന്റെ പിതാവ് ബഷീര്‍ സൗദി യു എ ഇ സഖ്യ സേനയിലെ അംഗമാണ്.