നോക്കിയ നോക്കുന്നുണ്ട്, നോ മോര്‍ കൂര്‍ക്കം വലി

മുംബൈ: പുതുവര്‍ഷത്തില്‍ പുത്തന്‍ സ്ലീപ് ട്രാക്കറുമായി ഫിന്‍ലണ്ടിന്റെ മൊബൈല്‍ ഭീമന്‍ നോക്കിയ. നോക്കിയ സ്ലീപ് എന്ന് പേരിട്ടിരിക്കുന്ന ഉറക്കമളക്കുന്ന സംവിധാനം ഈയാഴ്ച്ച ലാസ് വേഗാസിലെ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിക്കും.

സെന്‍സറുകളുടെയും സോഫ്റ്റുവെയറുകളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ലീപ്പിനെ പുതപ്പിനടിയില്‍ വിരിച്ച് സുഖമായി ഉറങ്ങാം. എത്ര നേരം ഉറങ്ങി, ഹൃദയസ്പന്ദനത്തിന്റെ കണക്കെത്ര, എത്ര കൂര്‍ക്കം വലിച്ചു തുടങ്ങി ഉറക്കത്തിന്റെ ചെറുതും വലുതുമായ എല്ലാ ഗതിവിഗതികളെയും ഇത് സസൂക്ഷ്മം നിരീക്ഷിക്കും.

 

സ്ലീപ് ട്രാക്കറുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് ഗൃഹോപകരണങ്ങളുടെ നിയന്ത്രണവും ഇത് ഏറ്റെടുക്കും. ഗുണഭോക്താവ് ഉറങ്ങിയാലുടന്‍ നോക്കിയ സ്ലീപ് ഇതുമായി കണക്ട് ചെയ്തിട്ടുള്ള ലൈറ്റുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവ ഓഫാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആപ്പിള്‍ ഇത്തരമൊരു സ്ലീപ്പ് ട്രാക്കര്‍ വിപണിയിലെത്തിച്ചിരുന്നു.