ഇന്ത്യയിലേക്കുള്ള കടന്നുകയറ്റത്തില്‍ നിന്ന് ചൈന പിന്‍വാങ്ങി; റോഡ് നിര്‍മ്മാണം ഉപേക്ഷിച്ചു

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലേക്ക് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈന നടത്തിയ റോഡ് നിര്‍മ്മാണം രാജ്യം ഉപേക്ഷിച്ചു. രണ്ടാഴ്ച്ച മുമ്പ് എല്‍എസിക്ക് സമീപം അരുണാചലിലെ ഷിയാങ് നദീതീരത്തേക്കായിരുന്നു കടന്നുകയറ്റം.

ചൈനീസ് സൈനികരും നിര്‍മ്മാണ തൊഴിലാളികളും ഉള്‍പ്പെടുന്ന ഒരു വലിയ സംഘത്തെ ബിഷിങ് ഗ്രാമത്തിന് സമീപം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. ഇവരില്‍ നിന്നുള്ള നിര്‍മ്മാണ സാമഗ്രികളും വാഹനങ്ങളും ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു.

സംഘര്‍ഷസമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഇരു വിഭാഗങ്ങളിലെയും
അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ രണ്ട് ദിവസം മുമ്പ് നടത്തിയ ചര്‍ച്ചകളിലാണ് പിന്മാറ്റത്തിനുള്ള ധാരണയായത്.

പിടിച്ചെടുത്ത വാഹനങ്ങളും യന്ത്രങ്ങളും ഇന്ത്യന്‍ സേന തിരിച്ചേല്‍പ്പിച്ചു. ഡോക്ലാമില്‍ 73 ദിവസം നീണ്ട യുദ്ധസമാന സാഹചര്യം പരിഹരിച്ച് മാസങ്ങള്‍ കഴിയുംമുമ്പായിരുന്നു ഏതാണ്ട് ഒരു കിലോമീറ്റര്‍ അതിര്‍ത്തി കടന്നുള്ള ചൈനയുടെ റോഡ് നിര്‍മ്മാണ ശ്രമം.