പ്രണവിനെക്കുറിച്ച് വാചാലയായി പ്രിയദര്‍ശന്റെ മകള്‍

താരപുത്രന്മാരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ഇപ്പോള്‍ ഒരു സ്ഥിരം വാര്‍ത്തയായിരിക്കുകയാണ്. എന്നാല്‍ ഈയടുത്തിടെയായി സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് വന്‍ വാര്‍ത്തയായിരുന്നു. തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയത്തിലേക്ക് ചുവട്വെച്ചിരിക്കുന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് കല്യാണിയുടെ നായകന്‍.

ഹലോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഏറെ സന്തോഷത്തിലാണ് കല്യാണി. തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്ന് കല്യാണി ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു. മലയാളത്തിലൂടെയോ തമിഴിലൂടെയോ അരങ്ങേറ്റം കുറിയ്ക്കാനാണ് ഞാന്‍ കരുതിയിരുന്നത്. കാരണം എന്റെ വേരുകള്‍ അവിടെയാണ്. പക്ഷേ ഹലോ എന്നെ തേടി വന്നപ്പോള്‍ വിട്ടുകളയാന്‍ മനസ്സ് വന്നില്ല’. പ്രിയ എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാല്യകാലത്തെ ആത്മമിത്രത്തെ അന്വേഷിച്ച് നടക്കുന്ന പ്രിയ എന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘എന്റെ അച്ഛന് ഉറച്ച വിശ്വസമുണ്ട്. ഒരു നല്ല സംവിധായകന് ഒരു അഭിനേതാവിന്റെ കഴിവ് പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന്. അതുകൊണ്ട് തന്നെയാണ് വിക്രം കുമാര്‍ സാറിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്യാമെന്ന് കരുതിയത്. ഞാന്‍ അഭിനയം പഠിക്കാന്‍ സ്‌കൂളില്‍ പോയിട്ടില്ല. പക്ഷേ അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് തിയേറ്റര്‍ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആദിശക്തിയിലും പോയിരുന്നു. ഇപ്പോള്‍ കുറച്ച് ആത്മവിശ്വാസം തോന്നുന്നുണ്ട്.’

‘എനിക്ക് അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാന്‍ മനക്കട്ടിയില്ലാത്ത ആളായിരുന്നു. വിമര്‍ശനങ്ങളെ വ്യക്തിപരമായി കരുതി സ്വയം സങ്കടപ്പെടും. ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും ഞാന്‍ സ്വയം പര്യാപ്തമാണെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്.’

അച്ഛനും അമ്മയും സിനിമയില്‍ നിന്ന് ഉള്ളവരായതിനാല്‍ കല്യാണിക്ക് സിനിമാക്കാരെന്നാല്‍ പുതുമയുള്ള കാര്യമല്ല. അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ ആണെന്ന് കല്യാണി പറയുന്നു.
‘അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് അത്രമാത്രം അടുപ്പമുണ്ട്. പ്രണവ് എന്റെ അടുത്ത കൂട്ടുകാരനാണ്. ഒരുമിച്ച് വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെപ്പോലെയാണ്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഞങ്ങള്‍ക്ക് വേണ്ടി മാജിക് കാണിച്ചു തരും. എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടില്‍ പോകും. അദ്ദേഹം നല്ല കുക്കാണ്.’