ഇത് മാതൃകാപരം. അമിത ഊര്‍ജ്ജ ശേഖരം; വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ജര്‍മ്മനി പണം നല്‍കും

ബെര്‍ലിന്‍: ‘ഒരു യൂണിറ്റ് വൈദ്യുതിക്ക് എന്താ വില?’ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലെ സംഭാഷണ ശകലമാണിത്. മലയാളിയുടെ നട്ടെല്ലൊടിക്കുന്ന മാസ ബജറ്റിലെ പ്രധാന പ്രഹരം വൈദ്യുതി ബില്‍ തന്നെ. കാര്യങ്ങളിങ്ങനെയിരിക്കെ അങ്ങ് ജര്‍മ്മനിയില്‍ വൈദ്യുതി എല്ലാവര്‍ക്കും സൗജന്യമാവുക മാത്രമല്ല, വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുകയും ചെയ്യും.

രാജ്യം, കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഏകദേശം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപം പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തിനായ് ചെലവഴിച്ചു. ഇതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ള ഊര്‍ജ്ജോല്‍പ്പാദനമാണ്.

ക്രിസ്മസ്-പുതുവത്സര-വാരാന്ത്യ അവധിക്കാലത്ത് ജര്‍മ്മനിയിലെ വ്യവസായ ശാലകളും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഇത് കൂടാതെ, രാജ്യത്തെ തെളിഞ്ഞ കാലാവസ്ഥ സൗരോര്‍ജ്ജത്തിന്റെയും കാറ്റാടിവൈദ്യുതിയുടെയും ഉല്‍പ്പാദനം കൂട്ടി. ഇങ്ങനെ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെട്ട
വൈദ്യുതി ശേഖരിക്കാന്‍ രാജ്യത്തെ ബാറ്ററി സംവിധാനങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് അമിതമായ് ഉല്‍പാദിപ്പിച്ച വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പണം അങ്ങോട്ട് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചത്.
പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ മഹത്വം ലോകത്തെ അറിയിക്കുക കൂടിയാണ് ജര്‍മ്മനിയിലെ ഈ സാഹചര്യം. പ്രത്യേകിച്ച് ഇന്ത്യ പോലൊരു ജനനിബിഢ രാജ്യത്തെ വൈദ്യുതി പ്രതിസന്ധി ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജര്‍മ്മന്‍ മാതൃക തീര്‍ത്തും സഹായകരമാകും.