ഞെട്ടലോടെ സാംസങ്ങ്; ഗാലക്‌സി നോട്ട് 8, എസ് 8 മോഡലുകളുടെ ബാറ്ററി പണിമുടക്കുന്നു

ന്യൂഡെല്‍ഹി: 2016ല്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 7 മൊബൈല്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നതുള്‍പ്പടെയുള്ള പരാതികള്‍ പരിഹരിച്ചുപോരുന്ന കമ്പനിക്ക് പുതിയ കീറാമുട്ടിയാകുകയാണ് ഗാലക്‌സി നോട്ട് 8, എസ് 8 മോഡലുകളുടെ ബാറ്ററി പ്രശ്‌നം.

സാംസങ്ങിന്റെ വിലപിടിപ്പുള്ള ഈ രണ്ട് മോഡലുകളുടെയും ബാറ്ററി സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചെന്ന് കമ്പനി തന്നെ ഔദ്യോഗികമായ് അറിയിച്ചു. ഇത് സംബന്ധിച്ച് കമ്പനി അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടെന്നും വിശദീകരണം വ്യക്തമാക്കുന്നു.

ഇരു മോഡലുകളുടെയും ബാറ്ററി പൂര്‍ണ്ണമായും കഴിഞ്ഞ് പൂജ്യത്തിലെത്തിയ ശേഷം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് പരാതി. എന്നാല്‍ ഇതൊരു പരക്കെയുള്ള പരാതിയല്ലെന്നും ചില പ്രദേശങ്ങളിലെ വര്‍ഷാന്ത്യത്തിലെ കടുത്ത തണുപ്പിനെ തുടര്‍ന്നുണ്ടായ കാലാവസ്ഥയാകാം ഇത്തരമൊരു പരാതിക്കാധാരം എന്നും സാംസങ്ങ് വിശദീകരണം നല്‍കുന്നു.

നേരത്തെ ചില പ്രദേശങ്ങളിലെ ഐ ഫോണുകള്‍ക്ക് സമാന പ്രശ്‌നമുണ്ടായിരുന്നു. കടുത്ത തണുപ്പാണ് ഇതിന് കാരണമെന്ന് ആപ്പിള്‍ വിശദീകരണം നല്‍കുകയും ചെയ്തു.