രജനീകാന്ത് 2019ൽ എൻ.ഡി.എ കക്ഷിയാകുമെന്ന് ബി.ജെ.പി.യുടെ പ്രവചനം

ചെന്നൈ∙ രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബിജെപിയോട് ചേർന്നു പോകുന്നതാണെന്നും 2019ൽ അദ്ദേഹം എൻഡിഎ സഖ്യകക്ഷിയാകുമെന്നുമാണ് ബിജെപിയുടെ പ്രവചനം.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസെ സൗന്ദരരാജൻ ആണ് പ്രവചനം നടത്തിയത്. ഞായറാഴ്ച രജനി രാഷ്ട്രീയ പ്രവേശനം അറിയിച്ചപ്പോൾ ബിജെപി അഭിനന്ദനം അറിയിച്ചിരുന്നു. അദ്ദേഹം ആഗ്രഹിക്കുന്ന അഴിമതിരഹിത, സദ്ഭരണം തന്നെയാണു ബിജെപിയുടെയും ലക്ഷ്യം. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പാർട്ടി എൻഡിഎ മുന്നണിയിൽ ഉണ്ടാകുമെന്നും തമിളിസെ സൗന്ദരരാജൻ ഉറപ്പിച്ചുപറഞ്ഞു. എന്നാൽ ‘സമയമാകുമ്പോൾ എല്ലാമറിയാം’ എന്ന നിലപാടിലാണ് രജനീകാന്ത്.

ആത്മീയ രാഷ്ട്രീയമാണു തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വഴിയിലൂടെയല്ല പ്രവർത്തനമെന്ന് രജനി വ്യക്തമാക്കിയിരുന്നു. ഇതാണ് ബിജെപിയുടെ പ്രതീക്ഷകൾക്കു ഊർജമേകുന്നത്. ജയലളിതയുടെ മരണവും കരുണാനിധിയുടെ അസാന്നിധ്യവും സൃഷ്ടിച്ച ശൂന്യതയിലാണു രജനി രാഷ്ട്രീയഭാവി നെയ്യുന്നത്. ബിജെപിയുടെ നയത്തോടു ചേർന്നു നിൽക്കുന്നതാണു രജനിയുടെ രാഷ്ട്രീയമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ രാഷ്ട്രീയം അധഃപതിച്ചുവെന്നു പറഞ്ഞ രജനി, കേന്ദ്രസർക്കാരിനെക്കുറിച്ചു മൗനം പാലിച്ചത് ഈ വാദത്തിനു ബലം നൽകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയും ബിജെപിയും തമ്മിൽ സഖ്യം രൂപപ്പെടാനാണു സാധ്യത. ആർഎസ്എസ് താത്വികാചാര്യനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ എസ്.ഗുരുമൂർത്തി കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത് അണ്ണാ ഡിഎംകെയോടുള്ള അസംതൃപ്തിയുടെ സൂചനയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിടുന്ന ബിജെപിക്കു രജനിയുടെ പിന്തുണ ആവശ്യമാണ്.

രജനിയെ തമിഴ്നാട് സ്വീകരിച്ചാലും ബിജെപിക്കൊപ്പം ചേർന്നാൽ എത്രകണ്ട് ഉൾക്കൊള്ളുമെന്നത് കണ്ടറിയേണ്ടതാണ്. തമിഴ് വികാരം സൂക്ഷിക്കുന്ന വോട്ടർമാർ ഈ സഖ്യത്തിൽ‌ എത്രമാത്രം വിശ്വാസമർപ്പിക്കും എന്നതും ചോദ്യചിഹ്‍നമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മൽസരിക്കുമെന്നു രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പിന്തുണ സമയം വരുമ്പോൾ പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.

ആരാധക സംഘങ്ങളുടെ ഏകോപനത്തിലൂടെയാണ് പാർട്ടി കെട്ടിപ്പടുക്കുക. നിലവിൽ റജിസ്റ്റർ ചെയ്ത അരലക്ഷം ഫാൻസ് അസോസിയേഷനുകളുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഫാൻസ് അസോസിയേഷൻ ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യം. തമിഴ്‌നാട്ടിൽ 2021ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. അപ്പോഴേക്കും രാഷ്ട്രീയാടിത്തറ രൂപപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് രജനീകാന്തിന് മുന്നിലുള്ളത്. പൊതുകാര്യങ്ങളിൽ പാലിച്ചിരുന്ന മൗനം താരം വെടിയേണ്ടതും അത്യാവശ്യമാണ്.