കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപ്പിടിച്ചു

കോഴിക്കോട്: കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. മംഗലാപുരത്ത് നിന്നും പാചകവാതക സിലിണ്ടറുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിക്കാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3.30 യോടെ ആയിരുന്നു സംഭവം. കൊടശ്ശേരിയില്‍ വച്ച് ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. പിന്നീട് കൊയിലാണ്ടി പേരാമ്ബ്ര, വെള്ളിമാട്കുന്ന്, നരിക്കുനി എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നായി 6 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിലെ 342 സിലിണ്ടറുകള്‍ സുരക്ഷിതമായി മാറ്റിയതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീ പൂര്‍ണമായും അണച്ച ശേഷമാണ് പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.