ന്യൂട്രി ഗാര്‍ഡന്‍, തേന്‍കണം, പാരന്റിംഗ് ക്ലിനിക്കുകള്‍ എന്നിവയ്ക്ക് 1.84 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ്
ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ന്യൂട്ടി ഗാര്‍ഡന്‍, തേന്‍കണം, പാരന്റിംഗ് എന്നീ പദ്ധതികള്‍ക്കായി 1.84 കോടി രൂപ അനുവദിച്ചതായി ആരോഗ്യ
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ പദ്ധതികളിലൂടെ പോഷകാഹാരവും മികച്ച രക്ഷകര്‍ത്തിത്വവും
ഉറപ്പുവരുത്തുന്നതിന് സാധിക്കുന്നതാണ്.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് പോഷണ്‍ അഭിയാന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന സമ്പുഷ്ട കേരളം
പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ പോഷണ തോട്ടങ്ങള്‍ അഥവാ ന്യൂട്രി ഗാര്‍ഡന്‍ ആരംഭിക്കുന്നതിന് 49,73,875 രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്തെ 17675 അങ്കണവാടികളിലാണ് പോഷണ തോട്ടങ്ങള്‍ ആരംഭിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കമ്യൂണിറ്റി സയന്‍സ് വിഭാഗമാണ്
ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ഈ പ്രവര്‍ത്തനത്തിന് വേണ്ടി
ഉപയോഗിക്കും. അങ്കണവാടി കുട്ടികളുടെ പോഷണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ന്യൂട്രി ഗാര്‍ഡന്‍ ആരംഭിക്കുന്നത്.

സംസ്ഥാനത്തെ 33,115
അങ്കണവാടികളിലെ 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് പോഷകസമ്പുഷ്ടമായ തേന്‍ നല്‍കുന്നതിനുള്ള തേന്‍കണം പദ്ധതിയ്ക്കായി 58,61,355
രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഐ.സി.ഡി.എസ്. കേന്ദ്രങ്ങളില്‍ ന്യൂട്രീഷന്‍ &
പാരന്റിങ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് 75,84,000 രൂപയും അനുവദിച്ചു. നല്ല രക്ഷകര്‍ത്തിത്വത്തെക്കുറിച്ചും മികച്ച പോഷകാഹാരങ്ങളെക്കുറിച്ചുമുള്ള
ബോധവത്ക്കരണത്തിനും കൗണ്‍സിംഗിനുമായാണ് ന്യൂട്രീഷന്‍ & പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നത്.