കരിപ്പൂര്‍ അപകടം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അല്‍ ആദിലിന്റെ ധനസഹായം

തിരുവന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്തര്‍ അറിയിച്ചു. ഇവര്‍ക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുര്‍ഘട ഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമാകും. എന്റെ പിതാവ് മഹാദേവ് ദത്തറും വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ, ദീപക് സാത്തേയുടെ കുടുംബത്തിന്റെ വികാരം എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെയും. ഇവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്. സഹായം അര്‍ഹരായവരുടെ കൈകളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടങ്ങിപ്പോയ 3800 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഡോ ധനഞ്ജയ് ദത്തര്‍ മുന്‍കൈയ്യെടുത്തിരുന്നു. ഇവര്‍ക്കാവശ്യമായ യാത്ര ടിക്കറ്റിനിനോടൊപ്പം കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും കോറന്റൈന്‍ സൗകര്യങ്ങളും ഭക്ഷണക്കിറ്റുകളും അദേഹത്തിന്റെ നേതൃത്വത്തില്‍ അല്‍ ആദില്‍ ട്രേഡിങ് ഗ്രൂപ് ലഭ്യമാക്കിയിരുന്നു.