പ്രതിസന്ധിയെ കൈയുംകെട്ടി നോക്കിനില്‍ക്കില്ല, വികസനപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: കോവിഡ് 19 വലിയൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവിടെ മാത്രമല്ല, ലോകമൊന്നാകെ സാമ്പത്തികമായ വലിയ വെല്ലുവിളിയാണ് അതുയര്‍ത്തിയിരിക്കുന്നത്. ഈ പ്രതിസന്ധിയെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങള്‍ മറി കടന്നു മുന്നോട്ടു കൊണ്ടുപോകാനും, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നല്‍കിയ കെസ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്‌സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാര പത്രങ്ങള്‍ നല്‍കി. എംഎസ്എംഇയ്ക്കു പുറത്ത് 361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്.
ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്‌കരണ നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെസ്വിഫ്റ്റിലേയ്ക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാന്‍ സാധിക്കുന്നു.
തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് വഴി എംഎസ്എംഇകള്‍ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്ന ജില്ല.
കെസ്വിഫ്റ്റിനെ പത്തു കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി നല്‍കുന്ന തരത്തില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, തൊഴില്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്‌നി സുരക്ഷ, മൈനിങ് ആന്‍ഡ് ജിയോളജി, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്ഇഐഎഎ), ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സസ് തുടങ്ങിയവ ഇതില്‍ പെടും.
നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ വകുപ്പ്, ചീഫ് ടൗണ്‍ പ്ലാനിംഗ് തുടങ്ങിയവയെ ബന്ധിപ്പിക്കാനുള്ള സംവിധാനവും സ്യഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ്എസ്എഐ), തീര സംരക്ഷണ മാനേജ്‌മെന്റ് അതോറിറ്റി (സിഇസെഡ്എംഎ) എന്നിവയെ കെസ്വിഫ്റ്റിന്റെ അടുത്ത ഘട്ടത്തില്‍ ഉള്‍പെടുത്തും. അതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഔദ്യോഗിക ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും കഴിയും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാനും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു അവരുടെ പൊതുവായ അഭ്യര്‍ത്ഥന. നാടിന്റെ സാമ്പത്തിക നില നല്ലതുപോലെ ചലിക്കണമെന്നത് ഏതൊരു സര്‍ക്കാരിന്റെയും ആഗ്രഹമാണ്. എന്നാല്‍, കോവിഡ് സാഹച്യത്തില്‍ മുന്‍കരുതല്‍ ഇല്ലാതെ അതിലേയ്ക്ക് എടുത്തുചാടാനാവില്ല. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിരഭിപ്രായം ഇല്ലെന്നും ആവശ്യമായ സഹായം നല്‍കുമെന്നും അറിയിച്ചു.

സാധാരണ നിലയിലുള്ള സാമ്പത്തിക ചലനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സഹായം നല്‍കണമെന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാണമെന്നുമുള്ള അഭ്യര്‍ത്ഥനയില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് പങ്കെടുത്തവര്‍ സ്വീകരിച്ചത്.