കാലവര്‍ഷം ശക്തികുറയുമെന്ന് മുഖ്യമന്ത്രി, നദികളിലെ ജലനിരപ്പ് താണിട്ടുണ്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തില്‍ അടുത്ത ആഴ്ച കേരളത്തില്‍ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ന്യൂനമര്‍ദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നദികളിലെ ജലനിരപ്പ് അപകട നിരപ്പില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മാറി വരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെവിടെയെങ്കിലും പ്രവചനങ്ങള്‍ തെറ്റിച്ച് മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേക ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് ക്വാറന്റൈനില്‍ ഉള്ളവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും ഒരുക്കിയിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ 493 ക്യാമ്പുകള്‍ ഇന്ന് ഉച്ചവരെ തുറന്നു. അതില്‍ 21,205 പേരാണ് അവിടെയുണ്ടായിരുന്നത്. മഴ കുറഞ്ഞതോടെയും വെള്ളം ഇറങ്ങിയതോടെയും പലരും വീടുകളിലേക്ക് മടങ്ങി പോയിക്കൊണ്ടിരിക്കുന്നു. തിരികെ വീടുകളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ഇടുക്കി രാജമല, പെട്ടിമുടി ദുരന്തത്തില്‍ മൂന്ന് മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി.