പ്രധാനമന്ത്രിയോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 10 എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്‍കിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. കേരളത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.
സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്‌സെന്‍സിങ് സെന്ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള അനുഭവം വെച്ച് ഇത്തവണത്തെ കാലവര്‍ഷക്കെടുതിയുടെ കാഠിന്യം കുറവാണെങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തില്‍ ദുരന്തമുണ്ടാകുന്നത്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അതിതീവ്ര മഴയെ നേരിടാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും തയ്യാറെടുപ്പുകളും സംസ്ഥാനം നടത്തിയിട്ടുണ്ട്. കോട്ടയം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ഇവിടങ്ങളിലാണ് അതിന്റെ അഘാതം ഏറ്റവുമധികം അനുഭവപ്പെടുന്നത്. അപകടസാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 686 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവയില്‍ 6,967 കുടുംബങ്ങളിലെ 22,830 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്.

ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്, അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കുവേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നുമുണ്ട്. ഇന്നലെ രാത്രി 10 മണിക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായിരുന്നു. തമിഴ്‌നാട്ടിലെ വൈഗൈ ഡാമിലേക്കുള്ള ടണലിലൂടെ പരമാവധി വെള്ളം വലിച്ചെടുക്കണമെന്നും മുല്ലപ്പെരിയാറില്‍ നിന്ന് താഴേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കഴിവതും കുറയ്ക്കണമെന്നും കേരളത്തിന്റെ ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പമ്പാനദിയിലുള്‍പ്പെടെ അടിഞ്ഞുകൂടിയ എക്കല്‍ നീക്കം ചെയ്തുകൊണ്ട് നീരൊഴുക്ക് സുഗമമാക്കുന്നതിനും അങ്ങനെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കമുണ്ടാകുന്നത് തടയുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ വാസസ്ഥലങ്ങള്‍ മിഷന്‍ മോഡില്‍ അവിടങ്ങളില്‍ ഒരുക്കുകയാണ്.

ഏതെങ്കിലും മനുഷ്യ ഇടപെടലിന്റെ ഫലമായല്ല അവിടെ ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത്തരമൊരു ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള ഇടമായി അവിടം കണക്കാക്കപ്പെട്ടിരുന്നില്ല എന്നും പ്രധാനമന്ത്രിയെ അറിയിച്ചു.

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കൊവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആര്‍എഫില്‍ നിന്ന് തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റിങ,് ക്വാറന്റൈനിങ് എന്നിവ ഒരുക്കുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമായ സഹായം കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് ഇപ്പോഴത്തെ മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. നമുക്കുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ തീയതി ഓഗസ്റ്റ് 27 വരെ നീട്ടി

ലൈഫ് മിഷന്‍ പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഗസ്റ്റ് 14 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ പല സ്ഥലങ്ങളും കണ്‍ടെയിന്‍മെന്റ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും അപേക്ഷ കൊടുക്കുന്നതിനുള്ള തിയതി ഓഗസ്റ്റ് 27 വരെ നീട്ടിയിട്ടുണ്ട്.