മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് ചെന്നിത്തല ചിന്തിക്കുന്നത് നടക്കുന്ന കാര്യമാണോ: പിണറായി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചിന്തിക്കുന്നുണ്ടാവാമെന്നും അതൊക്കെ നടക്കുന്ന കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എല്ലാ ദിവസവും അദ്ദേഹം പ്രസ്താവനകള്‍ ഇറക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അതേപ്പറ്റി തന്നോട് ചോദിക്കുന്നു. താനെന്ത് മറുപടി നല്‍കാനാണ്. അദ്ദേഹത്തിന്റെ പ്രത്യേക മാനസികനിലയെപ്പറ്റി തനിക്ക് പ്രതികരിക്കാനാകുമോ എന്നും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.
ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കുഴപ്പംപിടിച്ച ഏജന്‍സിയെയാണ് ഏല്‍പ്പിച്ചതെന്നും സ്ഥലം എടുക്കുന്നതിനുമുമ്പ് കണ്‍സള്‍ട്ടന്‍സി നല്‍കിയെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രി വിശദമായ മറുപടി നല്‍കി. ശബരിമല വിമാനത്താവളം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ശബരിമലയുമായി ബന്ധപ്പെട്ട താത്പര്യമുള്ളവര്‍ക്കെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുവേണ്ടി അവിടെ ഒരു വിമാനത്താവളം വേണമെന്ന ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്. എവിടെയാണ് അതിന് പറ്റിയസ്ഥലം എന്ന് പരിശോധിച്ചപ്പോഴാണ് ചെറുവള്ളി എസ്‌റ്റേറ്റാണ് എന്ന് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2263 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 2020 ജൂണ്‍ 18നാണ് ഉത്തരവിറക്കിയത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഭൂമി. ഈ ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശംവെച്ചതും പിന്നീട് കൈമാറ്റം ചെയ്തതുമാണ്. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ട്. പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിച്ച് പാലാ സബ് കോടയില്‍ സിവില്‍ സ്യൂട്ടുണ്ട്. നേരത്തെ ഈ ഭൂമി നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം കൈമാറ്റം ചെയ്തുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയിട്ടുണ്ട്.
ഇതിനെതിരെ നിലവിലെ കൈവശക്കാരായ ബിലീവേഴ്‌സ് ചര്‍ച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. ഭൂമിയുടെ ഉടമസ്ഥാവകാശം ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം തീരുമാനിക്കാന്‍ പറ്റില്ലെന്നും സര്‍ക്കാരിന് സിവില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്ത് ഉടമസ്ഥാവകാശം സ്ഥാപിക്കാമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി തള്ളി. 2020 ജൂണ്‍ 18 ന് പുറത്തിറങ്ങിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അനയാ ട്രസ്റ്റ് റിട്ട് ഹര്‍ജി ഫയല്‍ചെയ്യുകയും സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. കേസ് വീണ്ടും ഓഗസ്റ്റ് രണ്ടാംവാരം ഹിയറിങ്ങിന് വരുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാന്‍ സിവില്‍ അന്യായം പാലാ സബ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. പക്ഷെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാരത്തുക നിര്‍ദിഷ്ട കോടതിയില്‍ കെട്ടിവെക്കാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമ വിധി അനുസരിച്ചാവും നഷ്ടപരിഹാരം നല്‍കണോ വേണ്ടെയോ എന്ന് തീരുമാനിക്കുക.
സാധ്യതാ പഠനനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിനു വേണ്ടിയാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത്. നിയമനം സുതാര്യമാണ്. മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തശേഷം ഏറ്റവുമധികം സ്‌കോര്‍ ലഭിച്ച സ്ഥാപനത്തെയാണ് തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സങ്കേതിക വിദഗ്ധ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഭൂമി കൈയില്‍ കിട്ടുന്നതിന് മുമ്പ് എന്തിനാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം നല്ലതാണ്. ശബരിമല വിമാനത്താവളം ഒരിക്കലും വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കേ ആ ചോദ്യം ചോദിക്കാനാവൂ. ഭൂമി കൈയില്‍ കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകും. എത്രയും വേഗം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വഴിമുടക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. തര്‍ക്കങ്ങള്‍ തീര്‍ത്ത് ഭൂമി ഏറ്റെടുക്കാനാവും. അനുകൂല വിധി ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.