രാജ്യത്ത് മൂന്നു മന്ത്രിമാര്‍ക്കു കൂടി കൊവിഡ്, യു.പിയില്‍ രണ്ട്, കര്‍ണാടകത്തില്‍ ഒന്ന്

ബെംഗളൂരു: രാജ്യത്ത് ശനിയാഴ്ച മൂന്നു മന്ത്രിമാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവിക്കും ഉത്തര്‍ പ്രദേശിലെ രണ്ട് മന്ത്രിമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സി.ടി രവി തന്നെയാണ് തനിക്കു രോഗമുള്ള കാര്യം വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കിടയില്‍ താന്‍ രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായതില്‍ ആദ്യത്തേത് നെഗറ്റീവായിരുന്നെങ്കില്‍ രണ്ടാമത്തേത് പോസിറ്റീവായി എന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് രവി.
ഉത്തര്‍പ്രദേശില്‍ മുന്‍ ക്രിക്കറ്റ് താരവും ക്യാബിനറ്റ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍, ഉപേന്ദ്ര തിവാരി എന്നിവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. നേരത്തെ, മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരംസിങ് സെയ്‌നി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.