40 പേര്‍ക്ക് കൊവിഡ്, 1.07 ലക്ഷം പേര്‍ നിരീക്ഷണത്തില്‍, കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 40 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് പോസിറ്റീവായവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്നു വന്നവരാണ്. തമിഴ്‌നാട് 5, തെലങ്കാന 1, ഡെല്‍ഹി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് ഓരോരുത്തര്‍ വീതം, വിദേശത്തുനിന്ന് 9 പേര്‍, സമ്പര്‍ക്കം 3 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.
മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.
ഇതുവരെ 1004 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 445 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,07,832 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,06,940 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 892 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 56,558 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8541 നെഗറ്റീവാണ്. ആകെ 81 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ട്. പാലക്കാട് 10, തിരുവനന്തപുരം 3.
വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള നമ്മുടെ സഹോദരങ്ങളുടെ മരണം അത്യന്തം വേദനാജനകമാണ്. കഴിഞ്ഞയാഴ്ച ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ കോവിഡ് 19 ബാധിച്ച് മരിച്ച വിദേശത്തുള്ള പ്രവാസികള്‍ 124 പേരായിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്കനുസരിച്ച് അത് 173 ആയി മാറിയിട്ടുണ്ട്. അവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ സംസ്ഥാനവും പങ്കുചേരുന്നു.