കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തകർ ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തകർ ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. രണ്ടു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. ഇനി 23 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി ഉൗർജിത തെരച്ചിൽ തുടരുകയാണ്.

16 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നാല് സംഘങ്ങളായി തിരിഞ്ഞാണ് സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുന്നത്. മഴ മാറിനിന്നതിനാൽ ഇന്ന് പുലർച്ചെ തന്നെ തെരച്ചിൽ തുടങ്ങി. 10.30 ഓടെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അരമണിക്കൂറിന് ശേഷം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ അപകടമുണ്ടായ പ്രദേശത്തിന്‍റെ മാപ്പ് എൻഡിആർഎഫ് സംഘം തയാറാക്കിയിട്ടുണ്ട്. ഇതിന്‍റെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്.

ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കാണാതായ എല്ലാവരെയും കണ്ടെത്താൻ കഴിയാത്തതിനാൽ ബന്ധുക്കൾ ആശങ്കയിലാണ്. അവസാന ആളെയും കണ്ടെത്തുവരെ തെരച്ചിൽ തുടരാനാണ് രക്ഷാപ്രവർത്തകരുടെയും തീരുമാനം.