അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും; കരമനയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും. കനത്ത മഴമൂലം നീരൊഴുക്ക് വര്‍ധിച്ചതിനാലാണ് തീരുമാനം. ഇപ്പോള്‍ 15 സെ.മി ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 35 സെ.മി ആയി ഉയര്‍ത്തും. കരമനയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 0471-2324150

മഴക്കെടുതിയില്‍ ഇതുവരെ 22 പേരാണ് മരിച്ചത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചനകള്‍.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.