യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; കുത്തിയത് ശിവരഞ്ജിത്; ഒരാള്‍ പിടിയില്‍; മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍

തിരുവനന്തപുരം: തന്നെ കുത്തിയത് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖിൽ പറഞ്ഞതായി അച്ഛൻ ചന്ദ്രൻ. അക്രമത്തിൽ പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. പൊക്കം കുറഞ്ഞ ചിലരെ കണ്ടാലറിയാമെന്നും അഖിൽ പറഞ്ഞതായി അച്ഛൻ ചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഒരാള്‍ പിടിയില്‍. നേമം സ്വദേശിയായ ഇജാബാണ് പൊലീസ് പിടിയിലായത്. ഇജാബിനെതിരെ ആദ്യം കേസെടുത്തിരുന്നില്ല.

എന്നാല്‍ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം കുത്തേറ്റ അഖില്‍ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് ഡോക്ടറോടും അഖില്‍ പറഞ്ഞിരുന്നു.

കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നും അതിനായി ബാക്കിയുള്ളവർ തന്നെ പിടിച്ചു വച്ചുവെന്നും അഖിൽ പറഞ്ഞതായി ചന്ദ്രൻ പറയുന്നു. തന്നെ ആക്രമിക്കാനായി ബോധപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. തന്നെ പിടിച്ചു വച്ചതും പിന്നീട് പ്രശ്നമുണ്ടാക്കിയവരെയും കണ്ടാലറിയാം. കുത്തിയതിന് ശേഷവും എസ്എഫ്ഐക്കാർ വന്ന് ഭീഷണിപ്പെടുത്തിയെന്ന് അഖിൽ പറഞ്ഞതായി അച്ഛൻ വ്യക്തമാക്കി. കുത്തിയതിന് പരാതി കൊടുക്കരുതെന്നായിരുന്നു എസ്എഫ്ഐക്കാരുടെ ഭീഷണി.

അഖിലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയാല്‍ ഇന്ന് തന്നെ മൊഴിയെടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അഖില്‍ ദേശീയ പവര്‍ലിഫ്റ്റിങ് സ്വര്‍ണമെഡല്‍ വിജയിയാണ്. കുത്തിയ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താകട്ടെ ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തയാളും.

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പ്രതികളായവരെ സംഘടനയില്‍ നിന്നു പുറത്താക്കാനും തീരുമാനമായി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണു തീരുമാനം.

നേരത്തേ യൂണിറ്റ് പിരിച്ചുവിടാനുള്ള നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുന്നില്‍ വെച്ചതായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞിരുന്നു. പ്രതികളായവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഇന്നലെ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുറത്താക്കാനുള്ള തീരുമാനം.