പ്രിയദര്‍ശനെ കരയിച്ച് മകള്‍ കല്യാണി; വീഡിയോ വൈറല്‍

പ്രിയദര്‍ശന്‍ ലിസി ദമ്പതികളുടെ മകള്‍ കല്യാണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയിലൂടെയാണ് കല്യാണി ചര്‍ച്ചകളിലേത്ത് കടന്നുവന്നത്.

പ്രണവിന്റെ കാമുകിയെന്നും ആദ്യ നായികയെന്നുമുള്ള വാര്‍ത്തകളും സജീവമായിരുന്നു. എന്നാല്‍ പിന്നീട് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായുള്ള ഹലോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.

ഹലോ ഇപ്പോള്‍ പ്രദര്‍ശന സജ്ജമായിരിക്കുകയാണ്. ഹലോയുടെ ഓഡിയോ റിലീസിങ്ങിന് വികാരഭരിത രംഗങ്ങളാണ് അരങ്ങേറിയത്. പ്രധാന അതിഥി പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയായിരുന്നു.

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കല്ല്യാണി അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അത്രമേല്‍ വികാരഭരിതമായിരുന്നു. ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അച്ഛനും അമ്മയുമാണ്. സിനിമാലോകത്ത് ചുവടുവയ്ക്കുന്നതും അവര്‍ നല്‍കിയ പിന്തുണ കൊണ്ട് മാത്രമാണെന്നും കല്ല്യാണി പറഞ്ഞു.

കല്യാണിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പ്രിയദര്‍ശന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. അതേസമയം 40 വര്‍ഷത്തെ സിനിമ ജീവിത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും മികച്ചതെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.