ധവാന് പിന്നാലെ വിജയ് ശങ്കറും ലോകകപ്പില്‍ നിന്ന് പുറത്ത്; അഗര്‍വാള്‍ പകരക്കാരന്‍ ?

ലണ്ടന്‍: പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. കാല്‍വിരലിന് പരിക്കേറ്റ ശങ്കര്‍ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം കളിച്ചിരുന്നില്ല. വിജയ് ശങ്കറിന് പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് ശങ്കറിന് പരിക്കേറ്റത്.

‘ജസ്‌പ്രീത് ബുമ്രയുടെ പന്തില്‍ വിജയ് ശങ്കറിന്‍റെ കാല്‍വിരലിന് വീണ്ടും പരിക്കേറ്റു. അദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ല. ടൂര്‍ണമെന്‍റില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ല, ശങ്കര്‍ നാട്ടിലേക്ക് മടങ്ങുകയാണ്’ എന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ഈ ലോകകപ്പില്‍ പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. നേരത്തെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കൈവിരലിന് പരിക്കേറ്റ് മടങ്ങിയിരുന്നു.