മഴ കളി തുടങ്ങി; ഇന്ത്യ നാലിന് 305; രോഹിത് ശർമയ്ക്ക് സെഞ്ചുറി

മാഞ്ചെസ്റ്റര്‍: രോഹിത് ശർമയുടെ സെഞ്ചുറിയുടെ ബലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ മികച്ച സ്കോറോടെ മുന്നേറുകയായിരുന്ന ഇന്ത്യയെ മഴ തടുത്തു. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുത്തിട്ടുണ്ട്. നാലോവറും രണ്ട് പന്തും ബാക്കി നിൽക്കേയാണ് മഴ കളി മുടക്കിയത്.

എൺപത്തിയഞ്ച് പന്തിൽ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പിൽ തന്നെ രോഹിത് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ആദ്യത്തേത്. രോഹിത് സെഞ്ചുറി നേടുമ്പോൾ 30 ഓവറിൽ 172/1 എന്ന സ്കോറിലായിരുന്നു ഇന്ത്യ. എന്നാൽ, എന്നാൽ, 113 പന്തിൽ നിന്ന് 140 റൺസെടുത്ത രോഹിത് അപ്രതീക്ഷിതമായി പുറത്തായി. ഹസൻ അലി എറിഞ്ഞ 38.2 ഓവറിൽ വഹാബ് റിയാസ് ക്യാച്ചെടുക്കുകയായിരുന്നു.

78 പന്തിൽ നിന്ന് 57 റൺസെടുത്ത കെ. എൽ. രാഹുലാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. വഹാബ് റിയാസിനാണ് വിക്കറ്റ്. ഒന്നാം വിക്കറ്റിൽ 136 റൺസാണ് ഇന്ത്യ നേടിയത്.