കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കര്‍ദിനാളിന്റെ ശിക്ഷ ഒഴിവാക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍

മെല്‍ബണ്‍: രണ്ട് ക്വയര്‍ ബാലന്മാരെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ പെല്ലിനെ ആറു വര്‍ഷത്തെ തടവിന് ശിക്ഷിച്ച ജഡ്ജിമാരുടെ വിധിയെ ഇംപീച്ച് ചെയ്യാനാവില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വത്തിക്കാനിലെ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഉണ്ടായിരുന്നയാളും സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നയാളുമായ ശക്തനായ കര്‍ദിനാളാണ് പെല്‍. രണ്ട് മാര്‍ പാപ്പമാരെ തിരഞ്ഞെടുക്കുന്നതിലും പങ്കെടുത്തിരുന്നയാളാണ് ജോര്‍ജ് പെല്‍.

മെല്‍ബണ്‍ കോടതിയില്‍ ആറുവര്‍ഷത്തെ ശിക്ഷക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കര്‍ദിനാളിന്റെ അഭിഭാഷകര്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. 77 കാരനായ പെല്‍ 1996ലും 97ലുമാണ് രണ്ട് ക്വയര്‍ ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചത്. മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലില്‍ വച്ചായിരുന്നു പീഡനം.

ഡിസംബറിലെ വിധിക്കെതിരെ 13 കാരണങ്ങള്‍ നിരത്തിയാണ് പെല്ലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഒരൊറ്റ വ്യക്തിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നാണ് പ്രധാനപ്പെട്ട എതിര്‍പ്പ്. എന്നാല്‍, പീഡിപ്പിക്കപ്പെട്ട ബാലന്മാരില്‍ ഒരാള്‍ 2014ല്‍ മരിച്ചുപോയി. അതിനാലാണ് അവശേഷിച്ച ബാലനില്‍ നിന്ന് മൊഴിയെടുത്തത്. പക്ഷേ, ആ ബാലന്‍ നല്‍കിയ മൊഴി ഫാന്റസിയായിരുന്നു എന്നായിരുന്നു ആക്ഷേപം.

എന്നാല്‍, പ്രോസിക്യൂഷന്‍ വാദിച്ചത് ശരിയായ തെളിവിന്മേലാണ് ശിക്ഷ വിധിച്ചതെന്നതിനാല്‍ ജഡ്ജിമാരുടെ തീരുമാനത്തെ ഇംപീച്ച് ചെയ്യാനാകില്ലെന്നാണ്.
കര്‍ദിനാളിനെ ശിക്ഷിച്ചതിനെത്തുടര്‍ന്ന് വത്തിക്കാന്‍ ധനകാര്യ മന്ത്രി എന്ന സ്ഥാനത്തുനിന്ന് നീക്കുകയും പോപ്പിന്റെ മന്ത്രിസഭ എന്ന് വിളിക്കുന്ന സി-9 എന്ന ഒമ്പതംഗ കര്‍ദിനാള്‍ സഭയില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തു. അപ്പീല്‍ തള്ളിയാല്‍ അദ്ദേഹത്തിന്റെ പൗരോഹിത്യവും നഷ്ടമാകും.