സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്; കടലില്‍ കാണാതായത് പണക്കാരാണെങ്കില്‍ എന്താകുമായിരുന്ന സമീപനം എന്നും ചോദ്യം

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. എത്രപേര്‍ കടലില്‍ പോയെന്നോ, എത്രപേര്‍ മരിച്ചെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്ന് ജനം ചോദിക്കുന്നു. ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ അടുത്ത് പോയി നില്‍ക്കാം.

അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി ഫണ്ടില്‍ നിന്ന് 1600 കോടിയാണ് അടിച്ചുമാറ്റിയത്. സുനാമി ഫണ്ട് വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. സുതാര്യതയെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ല. നിയമവാഴ്ചയില്ലാത്തതിനാല്‍ അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുകയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

അഴിമതിക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നവനെ, 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദനാക്കും. അഴിമതിക്കാര്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍, അഴിമതി വിരുദ്ധര്‍ ഭിന്നിച്ച് നില്‍ക്കുന്നു. ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംരംഭമായി ഭരണം മാറുന്നു. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നത്.

അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും, കയ്യേറ്റക്കാര്‍ വമ്പന്മാരായി മാറുകയും ചെയ്യും. ഭരണാധികാരികള്‍ക്കും ജനത്തിനും ഇടയില്‍ ഒരു മതില്‍ ഉണ്ടെന്നും ജേക്കബ്‌തോമസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താല്‍പ്പര്യങ്ങള്‍ എന്ന വിഷയത്തിലുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.