രഞ്ജിയില്‍ കേരളത്തിന് തിരിച്ചടി; വിദര്‍ഭയ്ക്ക് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്; സെമിയിലെത്താന്‍ കേരളത്തിന്‍റെ മുന്നില്‍ ഒരേ ഒരു വ‍ഴിമാത്രം

സൂറത്ത്: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം ലീഡ് വഴങ്ങിയതാണ് തിരിച്ചടിക്ക് കാരണമായത്.

ഇനി മത്സരം ജയിച്ചാല്‍ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാനാകു. മത്സരം സമനിലയിലായാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.

വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 246 റണ്‍സ് നേടിയപ്പോള്‍ കേരളത്തിന് 176 റണ്‍സ് മാത്രമേ നേടാനായുള്ളു. നിര്‍ണായകമായ 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് വിദര്‍ഭ സ്വന്തമാക്കിയത്.

ജലജ് സക്‌സേന 40 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ പ്രേം 29 ഉം സഞ്ജു സാംസണ്‍ 32 ഉം സച്ചിന്‍ ബേബി 29 ഉം അരുണ്‍ കാര്‍ത്തിക് 21 ഉം റണ്‍സ് നേടി. മറ്റുള്ളവര്‍ക്ക് രണ്ടക്കം കാണാനായില്ല.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ രജനീഷ് ഗുര്‍ബാനിയാണ് കേരളത്തെ തകര്‍ത്തത്. കേരളത്തിനെ എറിഞ്ഞൊതുക്കിയതോടെ ആദ്യ ഇന്നിങ്‌സിലെ മേധാവിത്വംവിദര്‍ഭയ്ക്ക് തുണയാകും. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിദര്‍ഭ ഒമ്പത് റണ്‍സ് നേടിയിട്ടുണ്ട്.