കൊടുംചൂടില്‍ നിന്ന് കുളിരണിയിച്ചുകൊണ്ട് കേരളത്തില്‍ വ്യാപകമഴ: മലപ്പുറത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കൊടുംചൂടില്‍ വലയുന്ന കേരളത്തിനെ കുളിരണിയിച്ചുകൊണ്ട് സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴപെയ്തിറങ്ങി. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്ന് ഉച്ചകഴിഞ്ഞും സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും പെയ്തു. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാര്‍ മേഖലയിലും നാളെ വേനല്‍ മഴ പെയ്‌തേക്കാം.

തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതില്‍ തന്നെ മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദ?ഗ്ദ്ധര്‍ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡി?ഗ്രീ വരെ കൂടിയേക്കാം.