ടിക് ടോക്കിനു പൂട്ടുവീണു; പ്ലേസ്റ്റോറില്‍ നിന്നു നീക്കി

ഡല്‍ഹി: ടിക് ടോക് ആപ്പിന് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനം നിലവില്‍വന്നു. പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ടിക് ടോക് ആപ്പ് നീക്കംചെയ്തു. ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യ്തു ഉപയോഗിക്കുന്നത്് നേരത്തേ ഹൈക്കോടതി വിലക്കിയിരുന്നു.

ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഈ ആപ്പ് കാരണമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. അശ്ലീലചിത്രങ്ങളും മറ്റും ആപ്പ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നു രാജ്യമൊട്ടാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോടു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ആപ്പിളിനും ഗൂഗിളിനും കേന്ദ്രം കത്തയച്ചതിനെത്തുടര്‍ന്നാണു നടപടി.

ഈവര്‍ഷം മൂന്നുകോടി ആളുകളാണ് ഇന്ത്യയില്‍ ടിക് ടോക് ഇന്‍സ്റ്റാള്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവിലുണ്ടായിരുന്നതിന്റെ 10 മടങ്ങിലേറെയാണിത്.

ചൈനയിലെ ബൈറ്റഡന്‍സ് ടെക്നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ്പാണ് ടിക് ടോക്.