വയനാട്ടിൽ മത്സരിക്കാൻ കഴിഞ്ഞത് അതീവ ഭാഗ്യം; ജയിച്ചാൽ കൈവിടില്ലെന്ന് രാഹുൽ

സുൽത്താൻബത്തേരി: വയനാട്ടിൽ മത്സരിക്കാൻ കഴിഞ്ഞത് അതീവ ഭാഗ്യമാണെന്നും വയനാടിന്‍റെ മകനും സഹോദരനുമാണ് താനെന്നും പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. സുൽത്താൻ ബത്തേരിയിൽ താൻ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് വയനാട് പ്രിയം രാഹുൽ വ്യക്തമാക്കിയത്.

വെറുതെ മത്സരിച്ച് തിരിച്ചുപോകാൻ വന്നയാളല്ലെന്നും വയനാടുമായി ജീവിതാവസാനം വരെ ബന്ധമുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നൽകി. നിങ്ങളുടേത് വയനാടിന്‍റെയോ കേരളത്തിന്‍റെയോ ശബ്ദമല്ല, രാജ്യത്തിന്‍റെ ശബ്ദമാണ്. നരേന്ദ്ര മോദിയുടെ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരേ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആലോചിച്ചപ്പോൾ വയനാട് അല്ലാതെ മറ്റൊരു സ്ഥലവും ആലോചനയിൽ പോലും വന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ആദ്യ പ്രചാരണ പൊതുയോഗത്തിൽ രാഷ്ട്രീയ എതിരാളികൾക്കെതിരേ ഒന്നും പറയാതെ വയനാട്ടിലെ ജനങ്ങളോട് വോട്ട് അഭ്യർഥിക്കുന്ന രീതിയിലായിരുന്നു രാഹുലിന്‍റെ പ്രസംഗം. വയനാട്ടിലും അമേത്തിയിലും വിജയം നേടിയാൽ വയനാടിനെ കൈവിടില്ലെന്ന സൂചനയും പ്രസംഗത്തിലുണ്ടായിരുന്നു. വയനാട്ടിൽ മെഡിക്കൽ കോളജ് ഇല്ലാത്തതും വന്യമൃഗശല്യം മൂലം കർഷകർ നേടിരുന്ന പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ ചെറിയ വിമർശനം ഉന്നയിച്ച പ്രസംഗത്തിൽ ഇടതുപക്ഷത്തിനെതിരേ ഒന്നും പറയാൻ രാഹുൽ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. ബത്തേരിയിലെ രാഹുലിന്‍റെ പ്രചാരണ പൊതുയോഗത്തിൽ സ്ത്രീകളടക്കം കാൽലക്ഷത്തോളം പേരെത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ തിരുവന്പാടി, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും രാഹുൽ ഇന്ന് പങ്കെടുക്കും.