ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി മുഖ്യമന്ത്രി

കൊല്ലം ∙ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ പ്രസംഗത്തിൽ ശബരിമലയെന്നു പരാമർശിക്കാതിരുന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മംഗളൂരുവിൽ അയ്യപ്പന്റെ പേരെടുത്തു പറഞ്ഞു പ്രസംഗിച്ചതിനു മറുപടിയായാണ്, ശബരിമലയെയും അയ്യപ്പനെയും പേരെടുത്തു പറഞ്ഞു പിണറായി മോദിക്കു മറുപടി നൽകിയത്.

അയ്യപ്പന്റെ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രധാനമന്ത്രിക്ക് അവകാശമില്ലെന്നു മുഖ്യമന്ത്രി കൊല്ലത്തു എൽഡിഎഫ് തിരഞ്ഞെടുപ്പു യോഗത്തിൽ പറഞ്ഞു. അയ്യപ്പന്‍റെ പേര് പറ‍ഞ്ഞാല്‍ അറസ്റ്റ് എന്ന് പറയുന്നതു പച്ചക്കള്ളമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മാത്രമേ അറസ്റ്റു ചെയ്തിട്ടുള്ളൂ. കേരളത്തില്‍ ശബരിമല എന്ന് പറയാതിരുന്ന നരേന്ദ്ര മോദി മംഗളൂരുവില്‍ അതു പറഞ്ഞ് പ്രസംഗിച്ചത് മാന്യതയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ അയ്യപ്പന്‍റെ പേര് പറയാനാകാത്ത സ്ഥിതിയാണെന്നും, പേര് പറഞ്ഞാല്‍ അകത്താകുമെന്നും മോദി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പറഞ്ഞിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത്. സുപ്രീംകോടതി വിധി ഉൾക്കൊള്ളാനും നടപ്പിലാക്കാനും കഴിയുന്ന സർക്കാരാണ് കേരളത്തിലുള്ളത്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണിത്. ഇവിടെ സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ അതു പാലിക്കണമെന്നതാണ് ജനാധിപത്യ മര്യാദ. ഈ വിധിയുടെ അന്തസത്ത പൂർണമായും ഉൾക്കൊള്ളാൻ ഞങ്ങൾക്കു കഴിയും. സംസ്ഥാന സർക്കാർ ചെയ്തതും അതുതന്നെയാണെന്ന് പിണറായി പറഞ്ഞു.

ശബരിമലയെ കലാപഭൂമിയാക്കുകയായിരുന്നു ബിജെപിയുടെ ഉദ്ദേശ്യമെന്നും പിണറായി ആരോപിച്ചു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹാശിസുകളും ഉണ്ടായിരുന്നു. ശബരിമലയിൽ കാണിക്കയിടുന്നതു തടസ്സപ്പെടുത്താൻ ശ്രമിച്ചതും നരേന്ദ്ര മോദിയുടെ അനുയായികളാണ്. ഇക്കാര്യത്തിൽ ചെറിയ തടസ്സം സൃഷ്ടിക്കാനും അവർക്കു കഴിഞ്ഞു. എന്നിട്ടും ഈ പോരായ്മയെല്ലാം നികത്തി ശബരിമലയ്ക്ക് യാതൊരു ഊനവും തട്ടാതെ സംരക്ഷിച്ചത് എൽഡിഎഫ് സർക്കാരാണ് – പിണറായി പറഞ്ഞു.