ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ടി.ഡി.പി പ്രവര്‍ത്തകനും ഒരു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

ആന്ധ്രയിലെ അനന്ദ്പൂര്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ അങ്ങോട്ടും ഇങ്ങോട്ടും കല്ലെറിയുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

രാവിലെ വെസ്റ്റ് ഗോദാവരിയില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റിരുന്നു. അതെതുടര്‍ന്നാണ് ടി.ഡി.പി പ്രവര്‍ത്തകരും വൈ.എസ്.ആര്‍ പ്രവര്‍ത്തകരും തമ്മില്‍ പോളിങ് ബൂത്തിനകത്ത് വെച്ച് സംഘര്‍ഷമുണ്ടായത്.

പൊലീസ് ഇടപ്പെട്ട് പ്രവര്‍ത്തകരെ പോളിങ് ബൂത്തിനുള്ളില്‍ നിന്നും പുറത്താക്കി. ഇതിനു ശേഷമാണ് വൈ.എസ്.ആര്‍ പ്രവര്‍ത്തകന് കുത്തേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലും പോളിങ്ങിനിടെ സംഘര്‍ഷം ഉടലെടുത്തു. ഇവിടെ ടി.ഡി.പി പ്രവര്‍ത്തകര്‍ പോളിങ് ബൂത്ത് തകര്‍ത്തു. ടി.ഡി.പി ബൂത്തുകള്‍ കൈയടക്കുകയാണെന്നും പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.