രാഹുല്‍ ഗാന്ധിക്കുനേരെ വധശ്രമം; കോണ്‍ഗ്രസ് പരാതി നല്‍കി

ഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് നെറ്റിയിലേക്ക് ലേസര്‍ സ്‌നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന് വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. പത്രിക സമര്‍പ്പണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പേഴാണ് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ പച്ചനിറത്തിലുള്ള ഒരു ലേസര്‍ രശ്മി കൊണ്ട് 7 തവണ ഉന്നം പിടിച്ചത്.

രാഹുലിന്റെ തലയില്‍ പതിച്ച രശ്മി ഒരു സ്‌നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്) നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വയക്കുന്നത്. രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാഹുലിന്റെ തലയില്‍ രശ്മി പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറിയതായി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ അറിയിച്ചു.