ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഡൽഹി : ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി.

അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ ബിജെപി പ്രകടനപത്രികയ്ക്ക് ദീർഘവീക്ഷണമില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വിമർശിച്ചു.

ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച രാഹുൽ കോൺഗ്രസ്‌ പ്രകടനപത്രിക കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവകാശപ്പെട്ടു. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ്‌ പ്രകടന പത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെയാണ് സങ്കൽപ് പത്ര്’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ബിജെപി പുറത്തിറക്കിയത്. സങ്കൽപിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. വികസനത്തിനും ദേശസുരക്ഷയ്ക്കും ഊന്നൽ നൽകിയാണ് ബിജെപി പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത് തീവ്രവാദത്തെ അടിച്ചമർത്തുമെന്നും ബിജെപി ഉറപ്പ് നൽകുന്നു.

എന്നാൽ രാഹുൽ ഗാന്ധി ഏപ്രിൽ 5-ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ തൊഴിൽരംഗത്തെ വികസനം, കർഷകരുടെയും സൈനികരുടെയും ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് വർഷം 72,000 രൂപ ഉറപ്പ് നൽകുന്ന ‘ന്യായ്’ പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനം.