ബാങ്ക് തട്ടിപ്പ്; നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്രവ്യവസായി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. അല്‍പ സമയം മുമ്പാണ് നീരവ് മോദിയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. നീരവ്‌മോദിക്കെതിരേ നേരത്തെ ബ്രിട്ടീഷ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇന്ന് മൂന്നരയ്ക്ക് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കും. ഹാജരാക്കിയ ശേഷം തന്റെ ഭാഗം പറയാന്‍ നീരവ് മോദിക്ക് അവസരം ലഭിക്കും.

ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും രാജ്യം വിടുകയായിരുന്നു.

നീരവിനെതിരേ ബ്രിട്ടീഷ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിറ്റേന്ന് ലണ്ടനിലെ ആഡംബരവസതിക്കടുത്ത ഭക്ഷണശാലയ്ക്കു മുന്നില്‍വെച്ചാണ് ഇയാള്‍ ആദ്യം മാധ്യമങ്ങളുടെ കണ്ണില്‍പ്പെട്ടത്.

മാര്‍ച്ച് ഒമ്പതിന് നീരവ് മോദി ബ്രിട്ടീഷ് പത്രമായ ‘ഡെയ്‌ലി ടെലഗ്രാഫി’ന്റെ ലേഖകന്റെ മുന്നില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പത്രം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബ്രിട്ടനില്‍ ആഡംബരജീവിതം നയിക്കുകയാണെന്നും കണ്ടെത്തിയിരുന്നു.