തങ്ങളുടെ പിന്തുണ പരീക്കറിനായിരുന്നു; ഗോവയിൽ പിന്തുണ പിന്‍വലിക്കാനൊരുങ്ങി ഗോവ ഫോര്‍വേഡ് പാര്‍ട്ടി

പനാജി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിന് പിന്നാലെ ഗോവയില്‍ ബി.ജെ.പിക്ക് നല്‍കിപ്പോന്ന പിന്തുണ പിന്‍വലിക്കാനൊരുങ്ങി ഗോവ ഫോര്‍വേഡ് പാര്‍ട്ടി.

ബി.ജെ.പിയെ ഇനി പിന്തുണയ്ക്കണോ എന്ന് പാര്‍ട്ടിക്ക് ആലോചിക്കണമെന്നും തങ്ങളുടെ പിന്തുണ ഒരിക്കലും ബി.ജെ.പിക്കായിരുന്നില്ലെന്നും പരീക്കറിനായിരുന്നെന്നുമാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞത്.

” ഗോവയില്‍ ഞങ്ങള്‍ പിന്തുണച്ചത് പരീക്കറിനെയായിരുന്നു. അല്ലാതെ ബി.ജെ.പിയെയായിരുന്നില്ല. പരീക്കര്‍ ഇന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ഇനി പന്തുണയ്ക്കണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഓപ്ഷനുകള്‍ തുറന്നിരിക്കുകയാണ്. ഗോവയില്‍ നമുക്ക് സ്ഥിരത ആവശ്യമുണ്ട്. ഒരു പിരിച്ചുവിടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ നിയമസഭാ സമാജികരുടെ യോഗത്തിന് ശേഷമുള്ള തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിന് ശേഷം ഞങ്ങള്‍ തീരുമാനം പറയും. – സര്‍ദേശായി പറഞ്ഞു. 40 എം.എല്‍.എമാരുള്ള അസംബ്ലിയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗോവയില്‍ ആര്‍ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണ്.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും ബി.ജെ.പി നേതാക്കള്‍ നീണ്ട ചര്‍ച്ചയിലായിരുന്നു. മറുവശത്ത് അധികാരം പിടിക്കാന്‍ ശക്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസും ശ്രമം തുടങ്ങിയതോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഞായറാഴ്ച രാത്രി തന്നെ ഗോവയിലെത്തി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച അര്‍ധരാത്രിയില്‍ ആരംഭിച്ച ചര്‍ച്ച ഇപ്പോഴും പലഘട്ടങ്ങളിലായി തുടരുകയാണ്.