അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ വി തോമസ്

കൊച്ചി: അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് സീറ്റ് നിഷേധിക്കപ്പെട്ട എം പി കെ വി തോമസ്. ‘എന്തിനാണീ നാടകം?’, എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം.

ചില ഓഫറുകൾ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. അത്തരത്തിലൊരു നിർദേശമാണ് കോൺഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വച്ചതും. സംഘടനാനേതൃത്വത്തിൽ സുപ്രധാനപദവി തന്നെ നൽകി കെ വി തോമസിനെ അനുനയിപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ ശ്രമം. കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചാടിയ ടോം വടക്കന്‍റെ നേതൃത്വത്തിൽ ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്നെ വിഷയത്തിൽ ഇടപെട്ടത്. എന്നാൽ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള അനുനയനീക്കങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കെ വി തോമസിന്‍റെ വീട്ടിൽ കണ്ടത്.

യുഡിഎഫ് കൺവീനർ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നൽകാമെന്നും, കെ വി തോമസിനെ പറഞ്ഞ് അനുനയിപ്പിക്കണമെന്നുമായിരുന്നു ദേശീയനേതൃത്വം ചെന്നിത്തലയ്ക്ക് നൽകിയ നിർദേശം. എന്നാൽ അത്തരമൊരു അനുനയത്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച നിലയിലാണ് കെ വി തോമസ്. താൻ എറണാകുളത്തേക്ക് വരില്ലെന്ന് ചെന്നിത്തലയോട് കെ വി തോമസ് തീർത്തു പറഞ്ഞു. തൽക്കാലം ദില്ലിയിൽ തുടരാനാണ് തീരുമാനം. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് മാഷ്.

അവസാനനിമിഷം വരെ താനായിരിക്കും സ്ഥാനാർഥി എന്ന പ്രതീക്ഷയിലാണ് കെ വി തോമസ് മുന്നോട്ട് പോയത്. എന്നാൽ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് നേരത്തേ അറിയിച്ചത് പോലുമില്ല എന്ന നിരാശയിലും അമർഷത്തിലുമാണ് കെ വി തോമസ്. അക്കാര്യം തന്നെയാണ് തോമസ് മാഷ് നേരിട്ട് കണ്ട ചെന്നിത്തലയോട് പറഞ്ഞതും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച എന്തായാലും അരമണിക്കൂർ പോലും നീണ്ടില്ല. അതിനുള്ളിൽത്തന്നെ, തന്‍റെ ക്ഷോഭം അടക്കിവയ്ക്കാതെ അതൃപ്തി ചെന്നിത്തലയോട് കെ വി തോമസ് നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു.