ഐ.എഫ്.എഫ്.കെ 2017: എസ് ദുര്‍ഗയുടെ കാര്യത്തില്‍ നിലപാടില്ലാതെ ചലച്ചിത്ര അക്കാദമി

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കമല്‍ 

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചുണ്ടെന്നും കമല്‍

 

പവിത്ര ജെ. ദ്രൗപതി

 

തിരുവനന്തപുരം: ഗോവന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ നിന്ന് പുറത്താക്കപ്പെട്ട എസ് ദുര്‍ഗയുടെ കാര്യത്തില്‍ ചലച്ചിത്ര അക്കാദമിക്കും വ്യക്തമായ നിലപാട് ഇല്ല. ഐഎഫ്എഫ്‌കെയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചതായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആദ്യം അറിയിച്ചിരുന്നു. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുകയെന്നായിരുന്നു ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.

ചലചിത്ര മേളയില്‍ മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ സിനിമ പിന്‍വലിച്ചിരുന്നു.

എന്നാല്‍ മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം മേളയ്ക്ക് പുറത്തുനില്‍ക്കുന്നതിന്റെ അനൗചിത്യം സിനിമാസ്വാദകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ കേരള ചലച്ചിത്ര അക്കാദമിക്കും ഫെസ്റ്റിവല്‍ കമ്മിറ്റിക്കും വ്യക്തമായ നിലപാടില്ല എന്നാണ് ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ എസ് ദുര്‍ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും അക്കാദമിയുടെ ഇരട്ടത്താപ്പ് നയമാണ് ഫെസ്റ്റിവലിനെ പുറത്തുനിര്‍ത്തുന്നത്.

റോട്ടേര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഹിവോസ് ടൈഗര്‍ അവാര്‍ഡ്, പെസാറോ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പരമാര്‍ശവും, യുവ ജൂറി പുരസ്‌ക്കാരവും, യെര്‍വീന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ എസ് ദുര്‍ഗയ്ക്ക് ലഭിച്ചിട്ടുണ്ട്.