വ്യാജ ആപ്ലിക്കേഷനുകളെക്കുറിച്ച് ജാഗ്രതൈ…

തിരുവനന്തപുരം: ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സിഡിറ്റ് തയാറാക്കിയ ഐഎഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

തങ്ങളുപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഒറിജിനല്‍ തന്നെയാണെന്ന് ഡെലിഗേറ്റുകള്‍ ഉറപ്പുവരുത്തണമെന്ന് അക്കാദമി മുന്നറിയിപ്പ് നല്‍കി. വ്യാജപതിപ്പുകള്‍ ഉപയോഗിച്ച് മേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനോ റിസര്‍വഷനോ നടത്തിയാല്‍ അക്കാദമിക്ക് ബാധ്യതയില്ല. ആ വിവരങ്ങള്‍ അക്കാദമിയില്‍ എത്താത്തതിനാല്‍ ഡെലിഗേറ്റുകള്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമാകുകയുമില്ല. ഇതിനകം ശ്രദ്ധയില്‍പ്പെട്ട വ്യാജപ്പതിപ്പുകള്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പണവും വിവരവും അപഹരിക്കാന്‍ രൂപപ്പെടുത്തുന്ന ഇത്തരം വ്യാജപ്പതിപ്പുകള്‍ക്കെതിരെ ഡെലിഗേറ്റുകള്‍ ജാഗ്രത പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ സൈബര്‍സെല്ലുമായോ അക്കാദമിയുമായോ ബന്ധപ്പെടണമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.