ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍.

ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 7 ഇന്ത്യന്‍ ചിത്രങ്ങളാണുള്ളത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ് ദേ യുടെ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 1980കളുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രസാദ് ഓക്ക് ചിത്രം കച്ചാ ലിമ്പു, മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഒരു കെട്ടിടത്തില്‍ ജീവിക്കുന്ന ആളുകളുടെ ജീവിത സാഹചര്യങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ദര്‍ ഗൈ ചിത്രം തീന്‍ ഔര്‍ ആധാ, അസമിലെ സ്ത്രീ ജീവിതങ്ങളെ അവതരിപ്പിക്കുന്ന റിമ ദാസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ്,

യാഥാസ്ഥിതികതയില്‍ നിന്ന് പിന്‍വലിയേണ്ടിവന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപേഷ് ജയിന്‍ ചിത്രം ഗാലി ഗുലിയാന്‍, നഗ്‌നതയെ സൗന്ദര്യാത്മകവും സാമൂഹികവുമായി വിശകലനം ചെയ്യുന്ന രവി ജാദവ് ചിത്രം ന്യുഡ്, രാവുറങ്ങാത്ത മുംബൈ നഗരത്തില്‍ എത്തിപ്പെടുന്ന കാശ്മീരി കുടുംബത്തിന്റെ കഥ പറയുന്ന നിഖില്‍ അല്ലുഗ് ചിത്രം ശേഹ്ജര്‍ എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക ഇന്ത്യയുടെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞവയാണ് ഈ ചിത്രങ്ങള്‍.