അരവിന്ദന്‍ അനുസ്മരണത്തിന് അപര്‍ണ സെന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സത്തില്‍ വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍ ജി.അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തും. ഡിസംബര്‍ 10ന് വൈകിട്ട് 6ന് നിള തിയേറ്ററിലാണ് പ്രഭാഷണം. 2006 ല്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ നടത്തിയ പ്രഭാഷണത്തോടെയാണ് അരവിന്ദന്‍ സ്മാരക പ്രഭാഷണത്തിന് തുടക്കമായത്. മലയാളത്തിലെ സമാന്തര ചലച്ചിത്രകാരന്മാരില്‍ പ്രധാനിയായിരുന്ന അരവിന്ദന്‍ ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച സംഭാവനകളാണ് നല്‍കിയത്.

ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നതിന് മുമ്പ് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. ഡോക്യുമെന്ററി രംഗത്തും നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട് . 1990 ല്‍ പത്മശ്രീ നല്‍കി ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. മലയാള സിനിമയിലെ അതുല്യപ്രതിഭയായ ഗോവിന്ദന്‍ അരവിന്ദന് ആദരവായി നടത്തുന്ന പ്രഭാഷണ പരമ്പര 13-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

1961-ല്‍ പുറത്തിറങ്ങിയ സത്യജിത് റേയുടെ ‘തീന്‍ കന്യാ’ എന്ന ബംഗാളി ചിത്രത്തിലൂടെ 16-ാം വയസ്സിലാണ് അപര്‍ണ സെന്‍ അരങ്ങേറ്റം കുറിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയും തിരക്കഥാകൃത്തുമാണ് അപര്‍ണ്ണ. 1981-ല്‍ ഇറങ്ങിയ ആദ്യ ചിത്രം ’36 ചൗരങ്കി ലൈനിന് മികച്ച സംവിധായികയ്ക്കുള്ള രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.