ഈ ഇരട്ട സഹോദരന്മാര്‍ ബിറ്റ്‌കോയിന്‍ കോടീശ്വരന്മാര്‍

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ കൊണ്ട് ലോകത്തെ വലിയ സമ്പന്നന്മാരായവരില്‍ ഈ ഇരട്ട സഹോദരങ്ങളെ അറിയാമോ? കുപ്രസിദ്ധരായ വിങ്ക്‌ലിവോസ് സഹോദരങ്ങളെ. ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനെ കോടതി കയറ്റിയതോടെ അറിയപ്പെട്ട കാമറൂണ്‍ വിങ്ക്‌ലിവോസും ടെയ്‌ലര്‍ വിങ്ക്‌ലിവോസും പെട്ടെന്ന് ലോകസമ്പന്നന്മാരായത് ഒരു ബിറ്റ് കോയിന് 11,400 യു.എസ് ഡോളര്‍ മൂല്യമുണ്ടായതോടെയാണ്.

ഫേസ്ബുക്കിന്റെ ആശയം തങ്ങളുടേതായിരുന്നുവെന്നും സക്കര്‍ബര്‍ഗ്ഗ് അതടിച്ചുമാറ്റുകയായിരുന്നുവെന്നുമാണ് ഇവര്‍ കേസ് കൊടുത്തത്. 2000 മുതല്‍ 2004 വരെ തങ്ങള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹാര്‍വാര്‍ഡ് കണക്ട് എന്ന ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉണ്ടാക്കിയെന്നും ആ ആശയമാണ് സക്കര്‍ബര്‍ഗ്ഗ് മോഷ്ടിച്ചതെന്നുമായിരുന്നു ഇവരുടെ വാദം. കേസില്‍ 2008ല്‍ കോടതി വിധിച്ചത് 650 ലക്ഷം ഡോളര്‍ ഈ സഹോദരന്മാര്‍ക്ക് നല്‍കാനാണ്.

ആ പണം അവര്‍ ഉപയോഗിച്ചത് 2013ല്‍ ബിറ്റ്‌കോയിന്‍ എന്ന സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങാനായിരുന്നു. ലോകത്ത് വിതരണത്തിനുണ്ടായിരുന്ന ബിറ്റ്‌കോയിനുകളില്‍ വെറും ഒരു ശതമാനമായ 1,00,00 എണ്ണം ഒരു പന്തയത്തിന്റെ അടിസ്ഥാനത്തില്‍ റിസ്‌കെടുത്ത് അവര്‍ വാങ്ങി. അന്ന് ഒരു നാണയത്തിന് വെറും 120 ഡോളറായിരുന്നു മൂല്യം. കഴിഞ്ഞയാഴ്ച അതിന്റെ മൂല്യം 11395 ഡോളറായി ഉയര്‍ന്നു. അതോടെ അവര്‍ ലോകത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ കോടീശ്വരന്മാരായി മാറി.

ഈ രംഗത്തെ മറ്റൊരു കോടീശ്വരന്‍ ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവായ സതോഷി നകാമോട്ടോ ആണ്. മികച്ച തുഴച്ചില്‍ താരങ്ങള്‍ കൂടിയാണ് ഈ ഇരട്ടസഹോദരങ്ങങ്ങള്‍. 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ടീമിലെ അംഗങ്ങളുമായിരുന്നു അവര്‍.