മാഞ്ചി ആളാകെ മാറി- പുതിയ ഭാര്യ, പുതിയ ബൈക്ക്

ദാന മാഞ്ചി ആളാകെ മാറി. പുതിയ വീട്, പുതിയ ഭാര്യ, പുതിയ ബൈക്ക്, ജനിക്കാനിരിക്കുന്ന കുഞ്ഞ്. എല്ലാം ഒരൊറ്റ ഫോട്ടോ കാരണം. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു പോകുന്ന മാഞ്ചിയുടെ ചിത്രം ലോകമാകെ പ്രചരിച്ചതോടെയാണ് മാഞ്ചിയുണെ തലവര മാറിയത്. അതേ വഴികളിലൂടെ ദാന മാഞ്ചി കഴിഞ്ഞയാഴ്ച ബൈക്കില്‍ കുതിച്ചുപാഞ്ഞു.

65,000 രൂപ വിലയുള്ള ഹോണ്ട ബൈക്കിന്റെ പിന്നിലിരുന്നായിരുന്നു യാത്ര. ക്ഷയ രോഗം ബാധിച്ചു മരിച്ച ഭാര്യ അമാംഗ ദേയിയുടെ മൃതദേഹം തോളിലേറ്റി കഴിഞ്ഞ വര്‍ഷമാണ് ദാന മാഞ്ചി പത്തു കിലോമീറ്റര്‍ ദൂരം നടന്നു വീട്ടിലേക്കു പോയത്. ആദിവാസി ദരിദ്ര ജീവിതത്തിന്റെ ദയനീയമുഖമാണ് ആ കാല്‍നട യാത്രയിലൂടെ രാജ്യം കണ്ടത്. ആദ്യഭാര്യയായ ദാമി ദേവിയുടെ മരണത്തിനു ശേഷമാണ് മാഞ്ചി അമാംഗാ ദേവിയെ രണ്ടാമതു വിവാഹം കഴിച്ചത്. ഇവരാണു കഴിഞ്ഞ വര്‍ഷം ഭവാനിപത്‌നായിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ഷയരോഹം ബാധിച്ചു മരിച്ചത്. ആംബുലന്‍സ് വിട്ടു കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിനെ തുടര്‍ന്ന് മാഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടക്കുകയായിരുന്നു.

മൂന്നാമതു വിവാഹം കഴിച്ച അലാമതി ദേവി ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാഞ്ചി ഭാര്യയുടെ മൃതദേഹം വഹിച്ചു പോകുന്ന ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചതോടെ ധാരാളം പേര്‍ സാമ്പത്തിക സഹായം നല്‍കി. അതില്‍ ബഹറിന്‍ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഒമ്പതു ലക്ഷം രൂപ നല്‍കി. അന്നുവരെ ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാതിരുന്ന മഞ്ചിക്ക് ഇപ്പോള്‍ ലക്ഷങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുണ്ട്.

പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ചിക്ക് പുതിയ വീടു ലഭിച്ചു. വീടിന്റെ പണി നടക്കുന്നതേയുള്ളു. ഗ്രാമത്തിലെ അംഗന്‍വാടിയിലാണ് ഇപ്പോള്‍ താമസം. മൂന്നു പെണ്‍കുട്ടികളും ഭുവനേശ്വറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നു. ഇവര്‍ക്കും സൗജന്യ വിദ്യാഭ്യാസമാണു ലഭിക്കുന്നത്. സ്വന്തമാക്കിയ കൃഷിഭൂമിയിലാണ് ഇപ്പോള്‍ മാഞ്ചിയുടെ അധ്വാനം.

കഴിഞ്ഞയാഴ്ചയാണ് പുതിയ ഹോണ്ട ബൈക്കു വാങ്ങിയത്. പക്ഷേ, ഓടിക്കാന്‍ ഇനിയും പഠിച്ചിട്ടില്ല. ഒഡീഷയിലെ കാലഹന്ദി ജില്ലയിലെ ഭവാനിപത്തയില്‍ നിന്നും സ്വന്തം ഗ്രാമമായ മെല്‍ഘാറിലേക്കു മാഞ്ചി ബൈക്കില്‍ മരുമകന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു.