ലൈംഗിക പീഡനക്കേസില്‍ സഭ പുറത്താക്കിയ കര്‍ദ്ദിനാള്‍ വമ്പന്‍, അമേരിക്കന്‍ പ്രസിഡന്റിന്റെയും പോപ്പിന്റെയും അടുപ്പക്കാരന്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയിലെ ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡര്‍ മക്കാരിക്കിനെ കത്തോലിക്ക സഭയില്‍ നിന്നു വത്തിക്കാന്‍ പുറത്താക്കി. ആധുനിക കാലത്ത് ഇത്ര വലിയ ഒരു വമ്പനെ സഭയില്‍നിന്ന് പുറത്താക്കുന്നത് ആദ്യമാണ്.
‘അങ്കിള്‍ ടെഡ്’ എന്ന് തന്നെ വിളിക്കണമെന്ന് യുവാക്കളോട് ആവശ്യപ്പെടുമായിരുന്ന തിയോഡര്‍ വൈദിക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂലായില്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. കുമ്പസരിക്കാന്‍ വരുന്നവരെയും ഇപ്പോള്‍ 88 വയസ്സുള്ള കിഴവന്‍ കര്‍ദ്ദിനാള്‍ പീഡിപ്പിരുന്നു. വത്തിക്കാന്‍ നടത്തിയ വിചാരണയില്‍ കുറ്റങ്ങള്‍ തനിക്ക് ഓര്‍മ്മയില്ലെന്നാണ് തിയോഡര്‍ പറഞ്ഞതെങ്കിലും നിരവധി പേര്‍ തെളിവുനല്‍കാന്‍ എത്തിയതോടെ വിധി എതിരായി.
1970ല്‍ ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ വച്ച് ഒരു ബാലനെ പീഡിപ്പിച്ചിരുന്നു. ഇപ്പോഴത്തെ ന്യൂയോര്‍ക്ക് ബിഷപ്പ് തിമോത്തി ഡോളന്‍ ആണ് കഴിഞ്ഞ വര്‍ഷം ഇതു വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുന്നത് അമേരിക്കയില്‍ ഇരട്ടി കുറ്റമാണ്. കര്‍ദ്ദിനാള്‍ തിയോഡര്‍ ഒന്നുരണ്ട് കേസ് പണംകൊടുത്ത് ഒതുക്കിത്തീര്‍ക്കുകയും ചെയ്തത്രെ.
സഭയിലെ ലൈംഗിക ദുരുപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകകത്തോലിക്ക സഭയിലെ ബിഷപ്പുമാരുടെ ഉച്ചകോടി മാര്‍പാപ്പ വിളിച്ചിരിക്കെയാണ് തിയോഡറിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തത്. കര്‍ദ്ദിനാളിനെതിരെ ലൈംഗികാരോപണം വരുന്നത് ആദ്യമാണ്.