ബാലണ്‍ ഡി ഓറില്‍ ആര് മുത്തമിടും; മെസിയോ ക്രിസ്റ്റ്യാനയോ; അവസാന നിമിഷത്തിലെ സാധ്യത ഇങ്ങനെ

പാരീസ്: ലോക ഫുട്‌ബോളര്‍ക്കുള്ള ഇത്തവണത്തെ ബാലണ്‍ ഡി ഓറില്‍ ആര് മുത്തമിടുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മില്‍ തന്നെയാണ് ഇക്കുറിയും മത്സരം.

പാരീസില്‍ ഇന്ത്യന്‍ സമയം രാത്രി 12.15ന് ചടങ്ങുകള്‍ ആരംഭിക്കും. നിലവില്‍ മെസിക്ക് അഞ്ചും റൊണാള്‍ഡോയ്ക്ക് നാലും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണുള്ളത്.

കഴിഞ്ഞ സീസണില്‍ റയലിനായി മിന്നുന്ന പ്രകടനം നടത്തിയ റൊണാള്‍ഡോയാണ് സാധ്യതയില്‍ മുന്നില്‍. സ്പാനിഷ് ലീഗില്‍ 25 ഗോളടിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 12ഉം. റയലിന്റെ രണ്ട് കിരീടനേട്ടങ്ങള്‍ക്കുപിന്നിലും റൊണാള്‍ഡോയുടെ സാന്നിധ്യം നിര്‍ണായകമായി. പക്ഷേ, ഈ സീസണില്‍ പ്രകടനം മോശമാണ്.

ബാഴ്‌സലോണയ്ക്കായി കഴിഞ്ഞ സീസണില്‍ 37 ഗോളാണ് മെസി സ്പാനിഷ് ലീഗില്‍ നേടിയത്. ഒമ്പതു ഗോളിന് അവസരവുമൊരുക്കി. പക്ഷേ, ടീമിന് കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല.

ഈ വര്‍ഷം അര്‍ജന്റീന ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത് മെസിയുടെ മികവായിരുന്നു. ഈ സീസണില്‍ ബാഴ്‌സയ്ക്കായി ഇതുവരെ 13 ഗോള്‍ നേടി. നാലെണ്ണത്തിന് അവസരമൊരുക്കി.