മൂന്നാറിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സി.പി.ഐ നിയമപോരാട്ടത്തിന്; അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ ഹര്‍ജി

ഇടുക്കി: മൂന്നാറിൽ സര്‍ക്കാരിനെതിരെ നിയമപ്പോരിന് ഒരുങ്ങി സി.പി.ഐ. മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി രംഗത്തിറങ്ങിയത്. സി.പി.ഐ എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദാണ് ഹര്‍ജിയുമായി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

മൂന്നാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കൈയേറ്റക്കാർ മൂന്നാറിനെ നശിപ്പിക്കുകയാണ്. ഇതു ചെറുക്കാൻ വനം പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പാക്കണം എന്നിവയാണ് ഹർജിയിലെ ആവശ്യം. കൈയേറ്റത്തിന് പിന്നിൽ ഉന്നതരാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് ഹർജിയിലെ എതിർ കക്ഷികളെന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം, ഹർജിക്കെതിരെ രൂക്ഷ വിമർശവുമായി ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ രംഗത്തെത്തി. മൂന്നാർ എന്താണെന്ന് അറിയാത്തവരാണ് ഹർജിക്ക് പിന്നിൽ. കുടിയേറ്റക്കാർ ഒഴിഞ്ഞ് പോകണമെന്ന് പറയാൻ ഇവർക്ക് ധൈര്യമുണ്ടോയെന്ന് എം.എൽ.എ ചോദിച്ചു