തിരുവനന്തപുരം: പള്ളികളില്‍ ദിവ്യബലിക്കിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്ന രോഗത്തിനെതിരെ മാര്‍ പാപ്പയുടെ വിലക്ക്. ദിവ്യബലിക്കിടെ ചിലര്‍ മൊബൈലില്‍ ചിത്രമെടുക്കുന്നതു കാണുമ്പോള്‍ തനിക്ക് ദു:ഖം തോന്നാറുണ്ടെന്നും നിര്‍ഭാഗ്യവശാല്‍ ചില ബിഷപ്പുമാരും വൈദികരും അതു കണ്ട് കണ്ണടയ്ക്കാറുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ആഴ്ചത്തെ പൊതു അഭിസംബോധനയില്‍ പറഞ്ഞു.
ചില വൈദികര്‍ തന്നെ മൊബൈലില്‍ പടമെടുക്കുന്നതു താന്‍ കാണാറുണ്ടെന്നും കൂടി പാപ്പ കൂട്ടിച്ചേര്‍ത്തു. തിരുക്കര്‍മ്മങ്ങള്‍ക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക എന്ന് വൈദികന് ആഹ്വാനം ചെയ്യാറുണ്ട്. അല്ലാതെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തി പടമെടുക്കുക എന്നല്ല, വിശുദ്ധ കുര്‍ബാന വെറുമൊരു പ്രദര്‍ശനമല്ല. വിശുദ്ധ കുര്‍ബാനവേളയില്‍ യേശു സന്നിഹിതനാണെന്ന കാര്യം തിരിച്ചറിയാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
2015ല്‍ ഫ്രാന്‍സിസ് പാപ്പയുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടെ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ മൊബൈലില്‍ അതു പകര്‍ത്തിയ ഒരു വൈദികനെ അദ്ദേഹം ശാസിച്ചിരുന്നു. ന്യൂയോര്‍ക്കിലെ മാഡിസ് സ്ക്വയറിലും ഫിലാഡെല്‍ഫിയയിലും പാപ്പ നയിച്ച ദിവ്യ കുര്‍ബാനയ്ക്കിടെ അത്തരം സംഭവങ്ങളുണ്ടായിരുന്നു.